Sunday, May 19, 2024
spot_img

രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ കുറിച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം ; ഗുജറാത്തിൽ നാല്പതുകാരൻ അറസ്റ്റിൽ

അഹമ്മദാബാദ്: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ കുറിച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയയാൾ ഗുജറാത്തിൽ അറസ്റ്റിൽ.

ഗുജറാത്തിലെ അമ്രേലി റജുല താലൂക്കിലെ ഭേരായ് ഗ്രാമവാസി ശിവഭായി റാം എന്ന 44 കാരനെയാണ് അഹമ്മദാബാദ് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും, മതവികാരം വ്രണപ്പെടുത്തിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘ശിവഭായ് അഹിർ” എന്ന തന്റെ ഫേസ്ബുക്ക് പേജിൽ ഹിന്ദു ദൈവങ്ങളെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ഇയാൾ നടത്തിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജിതേന്ദ്ര യാദവ് പറഞ്ഞു.

മുൻപും ഇത്തരം അപകീർത്തികരമായ പോസ്റ്റുകൾ ഇയാൾ ഇട്ടിരുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്

ശിവഭായി ഡെപ്യൂട്ടി സർപഞ്ചായി 2010-നും 2014-നും ഇടയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ സർപഞ്ചായി തിരഞ്ഞെടുക്കപ്പെടാൻ മോഹമുള്ളതിനാൽ, സോഷ്യൽ മീഡിയയിലൂടെ തന്ത്രപ്രധാനമായ വിഷയങ്ങൾ ഉന്നയിച്ച് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചതാണ് ഈ സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം എന്ന് പോലീസ് പറഞ്ഞു. .

Related Articles

Latest Articles