Wednesday, January 7, 2026

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 26 മാവോയിസ്റ്റുകളെ വധിച്ച് പോലീസ്

മുംബൈ: മഹാരാഷ്ട്രയിലെ കച്ചറോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 26 നക്‌സലുകളെ വധിച്ചു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്‌സലുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്. മഹാരാഷ്ട്ര പൊലീസിലെ നക്‌സൽ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടൽ നടത്തിയത്. തിരച്ചിലിനിടെ നക്‌സലുകള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

ആദ്യം നാല് പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്തു നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു. അതേസമയം കഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദാ അറസ്റ്റിലായിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

ഇന്റലിജന്റ്‌സ് വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ ഇരുവരും പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുവരും. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന നേട്ടമായിട്ടാണ് കിഷന്‍ ദായുടെ അറസ്റ്റിനെ പൊലീസ് കാണുന്നത്. മനീഷ്, ബുധ എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം.

Related Articles

Latest Articles