നേപ്യിഡോ: മ്യാന്മറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ 30 ഓളം പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. മ്യാന്മറിലെ സംഘര്‍ഷഭരിത മേഖലയായ കയാഹ് എന്ന സ്ഥലത്താണ് സംഭവം. ഇവരെ സൈന്യം കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നതായി കരേന്നി മനുഷ്യാവകാശ സംഘടന ഫെയ്‌സ്ബുകില്‍ കുറിച്ചു. അതേസമയം കൊല ചെയ്യപ്പെട്ടവര്‍ ഭീകരവാദികളാണെന്നും അവരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു എന്നുമാണ് സൈന്യത്തിന്റെ അവകാശവാദമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഏഴ് വാഹനങ്ങളിലാണ് അവര്‍ വന്നതെന്നും അവരെ തടയാനായില്ലെന്നും സൈന്യം പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സൈന്യം തയാറായില്ല. സൈന്യത്തിന്റെ ആരോപണങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ തള്ളിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

