മൂവാറ്റുപുഴ: നഗരസഭ വയോജന കേന്ദ്രത്തിൽ 14 ദിവസത്തിനിടെ അജ്ഞാത ത്വക് രോഗം ബാധിച്ചു 5 ദുരൂഹ മരണം. ഇത്രയും മരണങ്ങൾ നടന്നിട്ടും കഴിഞ്ഞ ദിവസം 2 പേർ മരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി ലക്ഷ്മി എന്ന അന്തേവാസിയും, ഇരുപത്തിയേഴാം തീയതി ആമിന പരീതയും 15 ന് തിരുമാറാടി സ്വദേശി ഏലിയാമ്മ ജോർജ്ജ് എന്നിവർ മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ മരണമടയുന്നു. എന്നാൽ പുറം ലോകം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം മാമലശ്ശേരി സ്വദേശിനിയായ ഏലിയാമ സ്‌ക്കറിയ ,ഐരാപുരം സ്വദേശിനിയായ കമലം എന്നിവർ കൂടി മരിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഇതിൽ ലക്ഷ്മി ഒഴികെയുള്ള നാല് പേരും സമാനമായ രോഗലക്ഷണങ്ങളോടെയാണ് മരണ മടയുന്നത്. മരിച്ചവരുടെ വലതുകാൽ പൊട്ടി തൊലി അഴുകി പോയി. ഇവരുടെ കാലിൽ ചെറിയ വ്രണങ്ങൾ രൂപപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളിൽ ഇവ വലിയ വ്രണമായി പൊള്ളലേറ്റപ്പോലെ ത്വക്ക് പൊളിഞ്ഞു രക്തം ശർദിച്ച് മരിക്കുകയാണ് ചെയ്തതെന്നാണ് വയോജന കേന്ദ്രം അധികൃതർ പറയുന്നത്.
ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. എന്നാൽ ഇത്രയും മരണങ്ങൾ നടന്നിട്ടും കഴിഞ്ഞ ദിവസം രണ്ട് പേർ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത് എന്നതിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊതുവെയുള്ള ആരോപണം. വയോജന കേന്ദ്രത്തിന്റെ നടത്തിപ്പിൽ നഗരസഭവയ്ക്ക് പൂർണ്ണമായ ഉത്തരവാദിത്തം ഉണ്ടെന്നും അതിനാൽ തന്നെ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
സമാന രോഗലക്ഷണങ്ങളുള്ള 6 പേരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വയോജനകേന്ദ്രത്തിലെ ബാക്കിയുള്ള അന്തേവാസികളെ താൽക്കാലികമായി മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റാനാണ് തീരുമാനം. ആരോഗ്യവിഭാഗവും പോലീസും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

