Saturday, June 1, 2024
spot_img

ഫോണിൽ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം പ്രചരിച്ചു; പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു; ഉത്തരവാദിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ്

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കോളേജ് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇവര്‍ അറിയാതെ മറ്റാരോ പകര്‍ത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്‍ലോഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും കണ്ടു.

ഇതേ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഈ വാര്‍ത്ത അറിഞ്ഞ ശേഷം അന്ന് രാത്രി തന്നെ ആണ്‍ കുട്ടിയും ആത്മഹത്യ ചെയ്തു. രണ്ട് പേരുടെയും ബന്ധുക്കള്‍ പോലീസില്‍ പ്രത്യേകം പരാതി നല്‍കി. സംഭവത്തിന് ഉത്തരവാദിയായ ആളിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles