Monday, April 29, 2024
spot_img

വിനോദനികുതി ഒഴിവാക്കി: തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ സിനിമാ മേഖലയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി തിയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 സിനിമാ ടിക്കറ്റിന്‍മേലുള്ള വിനോദ നികുതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ സിനിമാ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായത്.

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ തീയേറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ അന്‍പതുശതമാനം ഇളവ്. ഇക്കാലയളവിലെ ഫിക്‌സഡ് ചാര്‍ജില്‍ 50% ഇളവ് നല്‍കും. ബാക്കിത്തുക ആറ് തവണകളായി അടയ്ക്കാന്‍ സാവകാശവും ഉണ്ടാകും. കോവിഡ് മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂര്‍ണമായും ഒഴിവാക്കി നല്‍കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം.

അതേസമയം ഒരു ഡോസ് വാക്‌സിനേഷന്‍ എടുത്തവരെയും തിയേറ്ററുകളില്‍ പ്രവേശിപ്പിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ 50 % സീറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന ആദ്യഘട്ടത്തില്‍ തുടരും. ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം അടുത്തഘട്ടത്തില്‍ ആലോചിച്ചു തീരുമാനം കൈക്കൊള്ളും.

Related Articles

Latest Articles