Wednesday, December 24, 2025

നിറഞ്ഞ സന്തോഷത്തിൽ ജനങ്ങൾ! രാജ്യത്ത് 5ജി എത്തുന്നു; ഒക്ടോബർ 1-ന് പ്രധാനമന്ത്രി തുടക്കമിടും

ദില്ലി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി പ്രധാനമന്ത്രി. ഒക്ടോബർ 1-ന് നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വച്ച് രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ‍‍ദില്ലിയിലെ പ്രഗതി മൈതാനിയിലാണ് പരിപാടി നടക്കുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബർ 29-ന് തന്നെ പ്രധാനമന്ത്രി 5ജിയ്‌ക്ക് തുടക്കമിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബ്രോഡ്‌ബാൻഡ് മിഷനാണ് ഒക്ടോബർ 1-ന് 5ജിയ്‌ക്ക് തുടക്കമിടുമെന്ന് ട്വിറ്ററിൽ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമായ ഇന്ത്യ മൊബൈൽ കോൺഗ്രസും ,ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഒക്ടോർബർ 1-ന് നടക്കുന്നത്. ഒക്ടോബറോടെ ഇന്ത്യ 5ജി സേവനങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തുടക്കം കുറിച്ചതിന് ശേഷം 5ജി സേവനങ്ങൾ വർദ്ധിപ്പിക്കുമെന്നും വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി ലഭ്യമാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒക്ടോബർ 1 മുതൽ 4 വരെയാണ് പരിപാടി നടക്കുന്നത്.

Related Articles

Latest Articles