Friday, April 19, 2024
spot_img

ഹിജാബ് പ്രതിഷേധം! ഇറാൻ സർക്കർ രാജ്യത്ത് ഇന്റർനെറ്റ് പൂർണമായും വിലക്കി, സഹായവുമായി ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ മസ്‌ക്: സ്റ്റാർലിങ്ക് നൽകുമെന്ന് ഇലോൺ മസ്‌ക്

ടെഹറാൻ: ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരണപെട്ടതിനെ തുടർന്ന് ദേശവ്യാപകമായി
നടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയതിൽ സഹായഹസ്തവുമായി ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌ക്. സ്‌പേസ് എക്‌സ് സ്ഥാപകനായ മസ്‌ക് ഇറാനിൽ തന്റെ സാറ്റ്‌ലൈറ്റ് ഇന്റർനെറ്റായ സ്റ്റാർലിങ്കിന്റെ സേവനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇറാനിയൻ ജനതയ്ക്ക് ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ യു എസ് സ്വീകരിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് മാസ്കിന്റെ ഈ പ്രതികരണം. ഇന്റർനെറ്റ് സേവനം നൽകുന്നത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ ഇന്നലെയായിരുന്നു യു എസ് സർക്കാ‌ർ പുറപ്പെടുവിച്ചത്.

രാജ്യത്ത് ആകെ ബാക്കിയായിരുന്ന രണ്ട് സമൂഹമാദ്ധ്യമ സേവനങ്ങളായ വാട്‌സ്‌ആപ്പും ഇൻസ്റ്റാഗ്രാമും പ്രതിഷേധത്തിന്റെ ഫലമായി കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നിർത്താലാക്കിയത്. പ്രതിഷേധത്തിൽ മുപ്പത്തിയൊന്നോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോ‌ർട്ട് വന്നിരുന്നു.

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മത പൊലീസ്,​ രാജ്യ തലസ്ഥാനത്ത് നിന്നും സെപ്തംബർ 13ന് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന 22കാരി മൂന്ന് ദിവസത്തോളം ഗുരുതരാവസ്ഥയിൽ കോമയിൽ തുടർന്നതിന് ശേഷമാണ് മരണപ്പെട്ടത്. ഇതിനെ തുട‌ർന്ന് സ്ത്രീകളടക്കം ഹിജാബ് പരസ്യമായി ഉപേക്ഷിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധങ്ങൾക്ക് ഇറാൻ സാക്ഷ്യം വഹിച്ച് വരികയായിരുന്നു. ദിവസങ്ങളായി നീണ്ട് നിൽക്കുന്ന പ്രതിഷേധത്തിന് നേരേ പൊലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Related Articles

Latest Articles