തൃശ്ശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികളും പോയതെന്ന് പൊലീസ് പറയുന്നു.
പുതുക്കാട്,മാള, പാവറട്ടി,ചാലക്കുടി,വടക്കാഞ്ചേരി,വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് 6 പെണ്‍കുട്ടികളെ ഇന്നലെ കാണാതായത്. ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി.
പരാതിയില്‍ കേസെടുത്ത പൊലീസ് കാണാതായ പെണ്‍കുട്ടികള്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചു.
തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല. കമിതാക്കള്‍ക്കൊപ്പമാണ് 5 പെണ്‍കുട്ടികള്‍ പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്‌നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

