ദില്ലി: ദില്ലിയിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. ദില്ലിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ ഇയാളുടെ സുഹൃത്തും പീഡിപ്പിച്ചിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ ജഹാംഗിർപുരി സ്വദേശി ചിനു ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് രാജു എന്ന രാജ് ആണ് ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതി. മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്നാണ് ഇവരുടെ അമ്മ പോലീസിൽ പരാതി നൽകിയത്.
സംഭവത്തെ കുറിച്ച് പരാതിയിൽ പറയുന്നത് ഇങ്ങനെ;
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കാണാനില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ടു. ഉടൻ തന്നെ കുട്ടികളുടെ അമ്മ അവിടെഎത്തി നോക്കിയപ്പോൾ ചിനുവും രാജുവും ചേർന്ന് പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടത്. അമ്മയെ കണ്ടയുടൻ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. തുടർന്ന് കുട്ടികളെ ആശുപത്രിൽ പ്രവേശിപ്പിച്ചു.
സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച ചിനുവിനെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ കീഴടങ്ങാൻ തയ്യാറാകാതെ തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇയാളെ കാലിൽ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ബ്രിജേന്ദ്ര കുമാർ യാദവ്പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

