ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ അന്വേഷണമാണ്. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചാണ് സംഘം കവർച്ച ആസൂത്രണം ചെയ്തത്. കായംകുളത്തെ വ്യാപാരിക്ക് വൻതോതിൽ സ്വർണം കൈമാറാനുള്ള നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരം പ്രതികൾക്ക് നേരത്തെ ലഭിച്ചിരുന്നു. നന്ദകുമാറിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത ബന്ധമുള്ളവർ തന്നെ കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കവർച്ചയ്ക്ക് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായത് ഒരു ബൈക്കിന്റെ ചിത്രമായിരുന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് ഡിപിയിൽ ഇതേ ബൈക്കിന്റെ ചിത്രം കണ്ടെത്തിയതും അന്വേഷണത്തിൽ വഴിത്തിരിവായി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ, ടോൾ പ്ലാസകളിലെ ക്യാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച വഴികൾ പൊലീസ് പിന്തുടർന്നു. തമിഴ്നാടും കർണാടകയും കടന്ന് വയനാട്ടിലെത്തിയ സംഘത്തെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.
മഹാരാഷ്ട്രയിൽനിന്ന് ഒരുമിച്ച് കേരളത്തിലെത്തി സ്വർണവ്യാപാരം ആരംഭിച്ചവർക്കിടയിലെ ബിസിനസ് മത്സരമാണ് ഒടുവിൽ ക്രിമിനൽ ഗൂഢാലോചനയിലേക്ക് വളർന്നതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. നന്ദകുമാറിന്റെ വളർച്ചയും വലിയ ഇടപാടുകളും ചിലരെ അസ്വസ്ഥരാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ ജ്വല്ലറി ഉടമകളടക്കം ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കവർച്ചയിൽ ഓരോരുത്തർക്കുമുള്ള പങ്ക്, സ്വർണം കൈമാറിയതിലും ഒളിപ്പിച്ചതിലുമുള്ള ബന്ധങ്ങൾ എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. വിശ്വസിച്ചവരിൽ നിന്നുതന്നെ ചതി നേരിട്ടെന്നതാണ് ചാലയിലെ ഈ സ്വർണക്കവർച്ചയെ കൂടുതൽ ഞെട്ടിക്കുന്നതാക്കുന്നത്.

