Sunday, September 27, 2026

ആകാശത്തിന്റെ കാവൽക്കാരായ ധീരസേനയ്ക്ക് സല്യൂട്ട്; ഇന്ന് ഇന്ത്യൻ വ്യോമസേന ദിനം

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 88-ാം ജന്മദിനം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ വളരെ സുശക്തമായ ഒരു വ്യോമസേനയാണ് ഇന്ത്യൻ എയർ ഫോഴ്സ്. വായു സേനകളിൽ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിനുളളത്. യുഎസ്, റഷ്യ, ഇസ്രയേൽ എന്നിവ മാത്രമാണ് നമുക്കു മുന്നിൽ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍. 1932 ഒക്ടോബർ 08 നാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമാകുന്നത്. ആ ദിവസം തന്നെയാണ് നാം വ്യോമസേനാ ദിനമായി ആചരിക്കുന്നതും. ന്യൂഡൽഹിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനം
നഭ സ്പർശം ദീപ്തം എന്നതാണ് ആപ്തവാക്യം. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഇന്ന് ഗാസിയാബാദിലെ ഹിന്ദോൺ എയര്‍ ഫോഴ്സ് സ്റ്റേഷനിൽ നിറപ്പകിട്ടാര്‍ന്ന പരേഡും, വിവിധ വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർ ഡിസ്പ്ലേയും നടക്കും.

വ്യോമസേനയുടെ മുൻ‌നിര യുദ്ധവിമാനങ്ങളായ റാഫേൽ, സു -30 എം‌കെ‌ഐ, തേജസ്, ‘ഗജ്‌രാജ് എന്നിവ ഉപയോഗിച്ചുള്ള വ്യോമാഭ്യാസങ്ങളും ഇതിനു പിന്നാലെ അരങ്ങേറും. കൂടാതെ 19 യുദ്ധവിമാനങ്ങളും, ഏഴ് ഗതാഗത വിമാനങ്ങളും, 19 ഹെലികോപ്റ്ററുകളും ഉൾപ്പെടെ 56 വിമാനങ്ങൾ ഈ വർഷത്തെ വ്യോമസേന ദിന പരേഡിന്‍റെ ആകാശ പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് 1932ൽ റോയല്‍ ഇന്ത്യൻ എയര്‍ ഫോഴ്സ് എന്ന പേരിലാണ് ഇന്ത്യൻ വ്യോമസേന നിലവിൽ വന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950ൽ ഇന്ത്യൻ എയര്‍ ഫോഴ്സ് എന്ന് പേരുമാറ്റുകയായിരുന്നു. കാലക്രമേണ ലോകത്തെ ശക്തമായ വ്യോമസേനകളിലൊന്നായി വളര്‍ന്ന ഇന്ത്യൻ വ്യോമസേന രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രകൃതിദുരന്തങ്ങളുടെയും മറ്റും സമയത്ത് സഹായമെത്തിക്കുകയും ചെയ്യുന്നു.

Related Articles

Latest Articles