ആലപ്പുഴ: ആലപ്പുഴയിൽ കൊലചെയ്യപ്പെട്ട ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. ആക്രമണത്തിൽ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച പുലർച്ചയോടെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം വീട്ടിലേക്ക് കയറി അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
ഒന്നരമണിക്കൂര്‍ സമയമെടുത്താണ് രഞ്ജിത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടപടിയിലേക്ക് കടന്നത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലും വെള്ളക്കിണറിലെ രഞ്ജിത്തിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം വലിയ അഴീക്കലിലെ കുടുംബവീട്ടില്‍ സംസ്‌കരിക്കും.
അതേസമയം രാത്രി എട്ടുമണിയോടെ സംസ്‌കാരം നടത്തുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതോടെ സംസ്‌കാരചടങ്ങുകള്‍ വൈകാനാണ് സാധ്യത.
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസൻ പ്രഭാതസവാരിക്കായി ഇറങ്ങുമ്പോൾ അജ്ഞാത സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്

