Wednesday, January 14, 2026

‘ശിരസ്സ് വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കും; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് വധഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് കണ്ണൂര്‍ വി.സിക്ക് വ്യാഴാഴ്ച ഭീഷണിക്കത്ത് ലഭിച്ചത് .

അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ‘കബനീ ദള’ത്തിന്‍റേതെന്ന പേരില്‍ തപാല്‍ വഴിയെത്തിയ കത്തിലുള്ളത്. ശിരസ്സ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് പ്രധാന ഭീഷണി. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ ഡോ. പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളാണ് പിന്നീട് കത്തിലുള്ളത്. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പോസ്റ്റ് ബോക്‌സില്‍ ഇന്ന് പോസ്റ്റ് ചെയ്ത നിലയിലായിരുന്നു വധഭീഷണി കത്ത്.

തുടര്‍ന്ന് വി.സിയുടെ ഓഫീസിലെത്തിയ കത്ത് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മാവോയിസ്റ്റ് സംഘത്തിന്റെ പേരിലാണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലായത്.

എന്തായാലും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വി.സിയായി പുനര്‍നിയമനം നല്‍കിയത് തെറ്റായ കീഴ്‌വഴക്കത്തിലൂടെയാണെന്നും നിയമലംഘനം നടത്തിയെന്നും ആരോപിച്ച് സംസ്ഥാന ഗവര്‍ണര്‍ രംഗത്തുവന്നെങ്കിലും നിയമനം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചിരുന്നു.

Related Articles

Latest Articles