Saturday, December 27, 2025

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും?, നിർണായക നീക്കങ്ങളുമായി പോലീസ്; നടൻ വീണ്ടും ജയിലിലേക്ക് ?

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പൊലീസ്‌ വീണ്ടും ചോദ്യം ചെയ്‌തേക്കും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നവശ്യവുമായി അന്വേഷണ സംഘം കോടതിയെയും സമീപിച്ചിട്ടുണ്ട്. വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക.

കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘം നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് വീട്ടിൽ വച്ച്‌ കണ്ടെന്നും പ്രതി പൾസർ സുനിയുമായി അടുത്ത ബന്ധമാണ്‌ നടനുള്ളതെന്നുമാണ്‌ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പുതിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ കോടതി പൊലീസിന്‌ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം കേസിലെ വിചാരണ സമയം ആറ് മാസത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. നടിയെ അക്രമിച്ച കേസില്‍ സുപ്രിം കോടതി അനുവദിച്ച സമയം ഫെബ്രുവരി 16 ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Latest Articles