Friday, March 29, 2024
spot_img

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ മൊഴി നൽകിയ മാപ്പുസാക്ഷി വിചാരണയ്ക്ക് ഹാജരാകുന്നില്ല, ഉടൻ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഉടൻ ഹാജരാക്കാന്‍ കോടതിയുടെ ഉത്തരവ്. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് ആണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

സമൻസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ഇന്ന് രാവിലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിഷ്ണു ഹാജരായില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ജയിലില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു. ഈ കത്ത് ജയിലിൽ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്‌സ് അപ്പ് വഴി അയച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിഷ്ണു അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

എന്നാൽ , കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി. എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles