Thursday, September 24, 2026

അതിരൂക്ഷ കോവിഡ് വ്യാപനം; ടിപിആർ നിരക്കിനനുസരിച്ച് പരിശോധന വർധിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

രൂക്ഷമായ രീതിയിൽ വ്യാപനമുണ്ടായിരുന്ന ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുന്നുമില്ല.

എന്നാൽ ഈ പ്രദേശങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.

അതുകൊണ്ടു തന്നെ എല്ലാ സംസ്ഥാനങ്ങളോടും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുവഴി വൈറസിന്റെ വ്യാപനം പരമാവധി തടയുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

അതേസമയം കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്ക് ശേഷവും ചുമ തുടരുകയാണെങ്കില്‍ അവര്‍ക്ക് സ്റ്റിറോയിഡ് നല്‍കുന്നതിന് പകരം അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പുതിയ മാര്‍ഗരേഖയും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു.

മാത്രമല്ല നിലവിലെ സാഹചര്യം അത്ര ആശ്വാസകരമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles