തിരുവനന്തപുരം: ലോകായുക്തയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). ഗുരുതമായ വിമർശനങ്ങളാണ് വിഷയത്തിൽ ഇന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സർക്കാർ ഓർഡിനൻസ് ഇറക്കി അഴിമതിക്ക് മറയിടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം നേരത്തെ സിഎജിയേയും ഗവർണറെയും സിപിഎം അവഹേളിച്ചിരുന്നു. ഇപ്പോൾ കെടി ജലീൽ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സിപിഎം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
രാഷ്ട്രപതിയെ പോലും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച സർക്കാരാണ് പിണറായി വിജയന്റെത്. തങ്ങൾക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ഓരോ സിപിഎം നേതാവിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടിയുള്ള വക്കാലത്താണ് ജലീൽ ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു . ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെടി ജലീലിന്റെ മന്ത്രിസഭയിലെ രാജി. ഇനിയും ലോകായുക്തയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടി വരുമെന്ന് സിപിഎമ്മിന് അറിയാം. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാൻ സർക്കാർ ശ്രമിക്കുന്നത്. സുരേന്ദ്രൻ പറഞ്ഞു .
ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണെന്നും അദ്ദേഹം തുറന്നടിച്ചു.

