മന്നാര്‍: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു പരിചയക്കാരുടെ കയ്യിൽ നിന്നും വാഹനങ്ങള്‍ എടുത്ത് മറിച്ചു വിൽക്കുന്ന പ്രതി പോലീസ് പിടിയില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ് ആണ് അറസ്റ്റിലായത്.
എണ്ണക്കാട് സ്വദേശികളായ ആന്‍സി കമലേഷ്, സൗമ്യ കൃഷ്ണന്, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ പക്കല്‍ നിന്ന് രണ്ട് സ്വിഫ്റ്റ് കാര്‍, ഒരു എര്‍ട്ടിഗ കാര്‍ ഇങ്ങനെ മൂന്ന് വാഹനങ്ങള്‍ വാങ്ങിക്കുകയും പിന്നീട് തിരിച്ചുകൊടുക്കാതെ മറിച്ചു വില്‍ക്കുകയും ചെയ്യുകയായിരുന്നു.
വാങ്ങിയ വണ്ടികൾ തിരികെ നൽകാതെ വന്നപ്പോൾ ഉടമകൾ കാര്യം തിരക്കി, അപ്പോൾ ഉടന്‍ തന്നെ നല്‍കാമെന്നായിരുന്നു മറുപടി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് ഉടമകള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് വാഹനങ്ങള്‍ തമിഴ്നാട് കമ്പംമേട്ട് എന്ന സ്ഥലത്ത് വില്പന നടത്തിയതായി അറിയുന്നത്. തുടര്‍ന്ന് മഹേഷിനെ പോലീസ് കമ്പംമേട്ട് നിന്ന് അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങളില്‍ ഒരെണ്ണം അവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു. മറ്റ് രണ്ട് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

