ദില്ലി: രാജ്യത്തെ മുഴുവൻ ജനങ്ങളും അവരുടെ മാതൃഭാഷകളിൽ സംസാരിക്കണമെന്ന് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. മാതൃഭാഷ അമ്മയ്ക്ക് തുല്യമാണ്. അമ്മയും മാതൃഭാഷയും ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഭാഷകളുടെ കാര്യത്തിൽ ഭാരതം സമ്പന്നമാണ്. കശ്മീർ മുതൽ കന്യാകുമാരിവരെ, കച്ച് മുതൽ കൊഹിമ വരെ നൂറ് കണക്കിന് ഭാഷകൾ, ആയിരക്കണക്കിന് ഭാഷാഭേദങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ യുവാക്കളോട് ഇന്ത്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ അവരുടേതായ രൂപത്തിൽ അവതരിപ്പിക്കണമെന്നും അതുവഴി പോപ്പുലറാകുന്നതോടൊപ്പം രാജ്യത്തിന്റെ വൈവിധ്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യാമെന്ന് മോദി പറഞ്ഞു.

