കേരളത്തിൻ്റെ ബഹു. ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനത്തിൻ്റെ സമ്പൂർണ്ണ ബജറ്റ് കെ എസ് ആർ ടി സി യ്ക്ക് നൽകിയത് നിരാശ മാത്രം. പൊതുഗതാഗതത്തെ നിലനിർത്താനോ സംരക്ഷിക്കാനോ ഉതകുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. ആയിരം കോടി രൂപ അനുവദിച്ചത്, പതിവുപോലെ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണത്തിനും അതിൻ്റെ പലിശ നൽകാനുമാണ്.
സർക്കാർ പ്രഖ്യാപിച്ച പെൻഷൻ ബാധ്യത കെ എസ് ആർ ടി സി യുടെ തലയിൽ കെട്ടിവയ്ക്കുന്ന പതിവു ശൈലി ഈ ബജറ്റിലും തുടരുന്നു. ഒരു പതിറ്റാണ്ടിനു ശേഷം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയപ്പോൾ, 2011-ലെ കരാർ പ്രകാരമുള്ള പെൻഷൻ മാത്രം ലഭിക്കുന്ന 42000 വന്ദ്യവയോധികരുടെ പെൻഷൻ ബാധ്യത ഏറ്റെടുക്കാതെ വഞ്ചിച്ചിരിക്കുന്നു.
ഏഴു വർഷങ്ങളായി കെ എസ് ആർ ടി സി ക്കായി പുതിയ ബസ്സുകൾ വാങ്ങാതിരിക്കുന്ന സമീപനം ഈ ബജറ്റിലും തുടരുന്നു. കാലഹരണപ്പെടുന്ന വാഹനങ്ങൾക്കു പകരം പുതിയവ വാങ്ങാൻ ബജറ്റിൽ നയാ പൈസ വകയിരുത്തിയിട്ടില്ല. ഇത് സ്ഥാപനത്തിൻ്റെ സ്വാഭാവിക തകർച്ചയ്ക്ക് കാരണമാവും.
കെ എസ് ആർ ടി സി യുടെ കട ജഢഭാരം ഏറ്റെടുക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം ഈ ബജറ്റിലും നടപ്പായില്ല. വായ്പ തിരിച്ചടവിനായി പ്രതിമാസം 30 കോടി രൂപ മാറ്റേണ്ടി വരുന്നത് പ്രതിസന്ധി രൂക്ഷമാക്കും. മറ്റു പൊതു മേഖലാ സ്ഥാപനങ്ങൾക്ക് 4% നികുതി നിരക്കിൽ ഡീസൽ നൽകുമ്പോൾ കെ എസ് ആർ ടി സി യിൽ നിന്നും 24% നികുതി ഈടാക്കുന്നതിനും ബജറ്റിൽ പരിഹാരമില്ല.
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുമെന്ന ഇടതുപക്ഷ വാഗ്ദാനം, അനുകൂല കോടതി വിധിയുള്ള സാഹചര്യത്തിൽ പോലും ബജറ്റിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. കെ എസ് ആർ ടി സി ജീവനക്കാരുടെ NPS വിഹിതത്തിൻ്റെ വർദ്ധിച്ചു വരുന്ന കുടിശിക ഒടുക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടില്ല. സ്ഥാപനത്തിലെ 30% ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളെ നേരിട്ടു ബാധിക്കുന്ന ഈ വിഷയത്തിലും ബജറ്റ് മൗനം പാലിക്കുന്നു. ഡ്യൂട്ടിയിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകാനോ, ദീർഘകാലം സേവനം ചെയ്ത താല്ക്കാലിക ജീവനക്കാരെ പുനരധിവസിപ്പിക്കാനോ ബജറ്റിൽ പദ്ധതികളില്ല.
ചുരുക്കത്തിൽ, കെ എസ് ആർ ടി സി യുടെ നിലനില്പിനായി ഒരു രൂപ പോലും വകയിരുത്താത്ത വൃഥാ വ്യായാമം മാത്രമായിരിക്കുന്നു. ബഹു. ധനമന്ത്രിയുടെ 2022-ലെ ബജറ്റ്, തികച്ചും നിരാശാജനകമെന്ന് (KSTES BMS) ജനറൽ സെക്രട്ടറി കെ എൽ രാജേഷ് പ്രസ്താവനയിൽ അറിയിച്ചു.

