Monday, January 12, 2026

പോക്‌സോ കേസ്: ”ചോദ്യംചെയ്യലിന് ഉടൻ ഹാജരാകണം”; അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: പോക്‌സോ കേസിൽ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്(Crime Branch Sent Notice To Anjali Reema Dev). കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസിലാണ് നോട്ടീസ് നൽകിയത്.

ചോദ്യംചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതേസമയം പോക്‌സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ റോയി ജെ വയലാട്ട് ഇന്നലെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് വിവരം. റോയിയും സൈജുവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സൈജു തങ്കച്ചനായി ഇന്നലെയും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍. കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ദുരുദ്ദേശത്തോടെ ഹോട്ടലിലെത്തിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് പരാതിയില്‍ പറയുന്നത്. അതേസമയം രാത്രി 10-ന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റീമാദേവും മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Related Articles

Latest Articles