കോട്ടയം: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് ഹർത്താൽ നടത്തുന്നത്. രാവിലെ ആറുമുതൽ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊതുഗതാഗതങ്ങൾക്ക് തടസ്സമുണ്ടാക്കില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും. പ്രാദേശികതലത്തിലും പ്രകടനങ്ങൾ നടത്തുമെന്ന് സമരസമിതി അറിയിച്ചു. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പോലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവച്ചത്. തുടർന്ന് പോലീസുകാർ നാട്ടുകാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

