Friday, November 6, 2026

28 കേസുകളിൽ വാറണ്ട്: ഒളിവിലായിരുന്ന തിരുവണ്ണൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: 28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ 35 കേസുകൾ നിലവിലുണ്ട്. സ്വർണ്ണാഭരണങ്ങൾ പണയം വെച്ചതിന് മാത്രമാണ് ഇത്രയും കേസ്.

ടൗൺ, നടക്കാവ്,മെഡിക്കൽ കോളേജ്, നല്ലളം,പന്നിയങ്കര, ചേവായൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 28 കേസുകൾ നിലവിലുണ്ട്. കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു.

കോയമ്പത്തൂർ, എറണാകുളം, കരിപ്പൂർ എയർപോർട്ട്, പാണ്ടിക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ വാടക വീട്ടിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. തുടർന്ന് മാസങ്ങളായി ടൌൺ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് മഞ്ചേരി മുട്ടിപ്പാലത്ത് വാടക വീട്ടിൽ വെച്ച് ഇയാൾ പിടിയിലായത്. ടൌൺ എസ്.ഐ അനൂപ്. എ. പി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി , പ്രബീഷ്. ഒ ഡൻസാഫ് സ്ക്വാഡ് അംഗം എ.എസ്, ഐ മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles