Sunday, May 19, 2024
spot_img

കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി പടരുന്നു; ജാഗ്രത

കൽപ്പറ്റ: വയനാട് ജില്ലയിൽ ഭീതിപടത്തി തക്കാളിപ്പനി. മൂപ്പൈനാട്, പടിഞ്ഞാറത്തറ, പേര്യ ഭാഗങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ. കുട്ടികള്‍ക്കിടയിലാണ് കൂടുതലായും തക്കാളിപ്പനി പടർന്ന് പിടിക്കുന്നത്. ജില്ലയിലെ വിവിധഭാഗങ്ങളില്‍നിന്ന് രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേസമയം ആശങ്കപ്പെടേണ്ട രീതിയില്‍ പകര്‍ച്ചവ്യാധി പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. എന്നാൽ പ്രത്യേക ശ്രദ്ധ നല്‍കാനും പ്രാദേശികമായി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രോഗബാധ കുട്ടികളില്‍ സ്ഥിരീകരിച്ചാല്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.

മൂപ്പൈനാട് രൂപപ്പെട്ട ചെറിയ ക്ലസ്റ്റര്‍ സമയോചിതമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. നിലവിൽ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിക്കുന്നത്. പൊതുവേ ചെറിയ കുഞ്ഞുങ്ങളായിരിക്കും രോഗബാധിതര്‍.

രോഗം ബാധിച്ചാൽ കടുത്ത പനിക്കൊപ്പം കാലിലും കൈയിലും വായിലും ചുവന്ന കുമിളകള്‍പോലെ തുടുത്തുവരും. എന്നാൽ വേനല്‍ക്കാലമായതിനാല്‍ ഇതു ചൂടുകുരുവാണെന്നും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. ഓക്കാനം, ഛര്‍ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോള്‍ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം.

Related Articles

Latest Articles