Tuesday, November 3, 2026

അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർക്ക് നേരെ വെടിയുതിർത്ത് പതിനെട്ടുകാരനായ യുവാവ്; പത്തുപേർക്ക് ദാരുണാന്ത്യം, മൂന്നുപേർക്ക് പരിക്ക്

ന്യൂയോര്‍ക്ക്: പതിനെട്ടുവയസ്സുകാരനായ യുവാവ് നടത്തിയ വെടിവെപ്പിൽ പത്തുപേർ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കറുത്ത വർഗ്ഗക്കാരാണ്. വെളുത്തവംശജനായ അക്രമി, ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അക്രമത്തിനു പിന്നിൽ വർണ്ണവെറിയാണോ എന്ന് സംശയിക്കുന്നു. ആക്രമണം നടത്തുന്ന വേളയില്‍ ഇയാള്‍ ഹെല്‍മെറ്റും ധരിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി ബഫല്ലോ പോലീസ് കമ്മിഷണര്‍ ജോസഫ് ഗ്രാമഗ്‌ലിയ അറിയിച്ചു.

സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങിലായിരുന്നു 18-കാരന്‍ ആക്രമണം ആരംഭിച്ചത്. ഇവിടെവെച്ച് നാലുപേര്‍ക്കു നേരെ വെടിയുതിര്‍ത്തു. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേക്ക് കടക്കുകയും വെടിവെപ്പ് തുടരുകയുമായിരുന്നെന്നും ഗ്രാമഗ്‌ലിയ കൂട്ടിച്ചേര്‍ത്തു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍, അക്രമി തോക്ക് സ്വന്തംകഴുത്തില്‍വെച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളോട് സംസാരിച്ച് ശാന്തനാക്കുകയും ഒടുവില്‍ കീഴടങ്ങുകയുമായിരുന്നു. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Latest Articles