Sunday, November 1, 2026

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹവും ആശ്രമത്തിന്റെ പൂർണമായ സഹകരണവും നേതൃത്വവും മഹാമാഘത്തിനുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. തിരുനാവായ, തവനൂർ എന്നീ ഭാരതപ്പുഴയുടെ ഇരുകരകളിലുമായി നടക്കുന്ന മഹോത്സവം ഇത്തവണ ഐക്യത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. കേരളത്തിലെ വിവിധ സന്യാസാശ്രമങ്ങൾ, സന്യാസിമാർ, ആചാര്യന്മാർ, താന്ത്രിക-വൈദിക മേഖലകളിലെ പ്രമുഖർ എന്നിവരുടെ പങ്കാളിത്തത്തോടെയാകും പരിപാടികൾ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി നവംബർ 12ന് തിരുനാവായ ക്ഷേത്രപരിസരത്ത് സ്വാഗതസംഘം രൂപീകരിക്കും. അതിനു മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തിൽ സന്യാസി സമ്മേളനവും നടക്കും.

മാഘമാസത്തിൽ ഭാരതപ്പുഴയിൽ സകല പുണ്യനദികളുടെയും ദേവതകളുടെയും സാന്നിധ്യമുണ്ടെന്ന വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മാഘമക മഹോത്സവത്തിന്റെ പാരമ്പര്യം. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നിവരുടെ ക്ഷേത്രങ്ങൾ ത്രികോണാകൃതിയിൽ നിലകൊള്ളുന്ന തിരുനാവായ–തവനൂർ പ്രദേശം അതിപ്രാചീനകാലം മുതൽ വലിയ ആത്മീയ സംഗമങ്ങൾക്ക് വേദിയായിരുന്നുവെന്നും സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു. 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന മഹാമഖമാണ് പിന്നീട് മാമാങ്കമായി പരിണമിച്ചതെന്ന ചരിത്രപരമായ പശ്ചാത്തലവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ലാണ് ഈ പ്രാചീന ആചാരം വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാഘമക മഹോത്സവം തുടർച്ചയായി സംഘടിപ്പിക്കാൻ ആരംഭിച്ചത്. 2019നുശേഷം വലിയ ജനപങ്കാളിത്തത്തോടെ വളർന്ന പരിപാടി പിന്നീട് ഇരുകരകളിലേക്കും വ്യാപിച്ചു. കഴിഞ്ഞ വർഷം പ്രയാഗ്‌രാജിലെ കുംഭമേളയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ വലിയ ആത്മീയ ഉണർവും മാഘമക മഹോത്സവത്തിന് കൂടുതൽ ജനശ്രദ്ധ ലഭിക്കാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മാഘമകവും കുംഭമേളയും വ്യത്യസ്തമായ ആചാരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

2027ലെ മഹാമാഘത്തോടനുബന്ധിച്ച് മാഘമാസം മുഴുവൻ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ജനുവരി 22 മുതൽ ഫെബ്രുവരി 21 വരെയുള്ള കാലയളവിലാണ് മഹോത്സവം നടക്കുകയെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ സമുദായങ്ങളിലെ ആചാര്യന്മാരെയും തന്ത്രിമാരെയും ഉൾപ്പെടുത്തി 28 ആചാര്യന്മാർ ഓരോ ദിവസവും നദീപൂജയ്ക്ക് നേതൃത്വം നൽകുന്ന രീതിയിലാണ് പരിപാടികൾ വിഭാവനം ചെയ്യുന്നത്. ഗംഗ, യമുന, ഗോദാവരി, സിന്ധു, നർമദ, കാവേരി, ഭാരതപ്പുഴ എന്നിവയുൾപ്പെടെയുള്ള പുണ്യനദികളെ ആരാധിക്കുന്ന ചടങ്ങുകളും കേരളീയവും ഉത്തരേന്ത്യൻ രീതികളിലുള്ള ആരതികളും സംഘടിപ്പിക്കും. ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മഹോത്സവം കേവലം ഒരു മേളയായി അവസാനിക്കാതെ സമൂഹത്തിന് പ്രയോജനപ്പെടുന്ന സേവനപ്രവർത്തനങ്ങൾക്കും വേദിയാകണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

Related Articles

Latest Articles