കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ ദൃശ്യങ്ങൾ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി ഉത്തരവ്. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതെന്നും കോടതി അന്വേഷിച്ചു. മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങൾ കാണണമെന്ന പ്രത്യേക താല്‍പ്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ നാല് തവണ ആവശ്യപ്പെട്ടിട്ടും താൻ പറഞ്ഞത് ബിഗ് നോ. വിചാരണ ഘട്ടത്തിൽ ആവശ്യമെങ്കിൽ മാത്രമാണ് ദൃശ്യങ്ങൾ പരിശോധിക്കുക. തുടരന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശമുണ്ടോയെന്നും വിചാരണ കോടതി ചോദിച്ചു. കേസ് ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും.
കേസിൽ ക്രൈംബ്രാഞ്ചും അതിജീവിതയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്നലെയായിരുന്നു പരിഗണിച്ചത്. കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധന വേണമെന്നും കേസ് അട്ടിമറിക്കാൻ പലപ്പോഴായി ശ്രമിച്ചതിന് പ്രതിയായ ദിലീപിന്‍റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യണമെന്നുമായിരുന്നു അതിജീവിത നൽകിയ ഹർജിയിലെ ആവശ്യം.
മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയെന്ന ഫൊറൻസിക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം.

