Tuesday, September 22, 2026

സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴി മരണം

കോഴിക്കോട്∙ സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പിള്ളി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

തൃശൂരില്‍ നാടകരംഗത്ത് സജീവമായാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സിനിമ, സീരിയല്‍ രംഗങ്ങളിലും സജീവമായി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, സിഐഎ, മാസ്റ്റര്‍പീസ്, ഗുണ്ട ജയന്‍, ബ്രേക്കിങ്ങ് ന്യൂസ്, മനോഹരം, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനന്‍, ഹരിചന്ദനം, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചു.

അഭിനയം, തിരക്കഥ രചന, കലാസംവിധാനം, നാടക സംവിധാനം, ലൈറ്റ് ഡിസൈനിങ് തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് ബാബുരാജ്. കുറച്ച് കാലം താമരശ്ശേരിയിലും പോര്‍ങ്ങോട്ടൂരിലുമായിരുന്നു താമസം. പിന്നീട് മാനിപുരത്ത് കൂറ്റുരു ചാലില്‍ വീടുവച്ച് താമസിക്കുകയായിരുന്നു. ഭാര്യ: സന്ധ്യ ബാബുരാജ് (നാടക പ്രവര്‍ത്തക), മകന്‍: ബിഷാല്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മാങ്കാവ് പൊതുസ്മശാനത്തില്‍ നടക്കും.

Related Articles

Latest Articles