ചെന്നൈ: മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി. തമിഴ്നാട് കൊടൈക്കനാലിൽ ആണ് സംഭവം. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ മലനിരകളിലെത്തിയ ചെറുപ്പക്കാരനാണ് അപകടത്തിൽ പെട്ടത്. രാമനാഥപുരം പാറമക്കുടി സ്വദേശി അജയ് പാണ്ഡ്യനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
മലയോരത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് ക്യാമറയിൽ വീഡിയോ പകർത്തുകയായിരുന്നു അജയ് പാണ്ഡ്യനും സുഹൃത്തുക്കളും. പാറക്കെട്ടിലേക്ക് ഇറങ്ങുന്ന അജയ് പാണ്ഡ്യൻ തന്റെ വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു. പെട്ടെന്ന് വഴുക്കലുള്ള പാറയിൽ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു.
പോലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. എന്നാൽ ശക്തമായ മഴയും കോടയിറങ്ങിയത് കാരണം കാഴ്ച തടസ്സപ്പെടുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.