Sunday, September 20, 2026

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടിൽ നിന്ന് ഷണ്‍മുഖനെ ചികിത്സയ്ക്കായി തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കിടപ്പ് രോഗിയായ ഷണ്‍മുഖനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ അജിത്തും കുടുംബവും വീട്ടുസാധനങ്ങൾ അടക്കം എടുത്ത് കടന്ന് കളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാതെ വയോധികൻ ബുദ്ധിമുട്ടി. ഒടുവിൽ അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട് . ഈ റിപ്പോർട്ട് പഠിച്ചശേഷം മകനെതിരെ സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

Related Articles

Latest Articles