Sunday, May 5, 2024
spot_img

ഭീകരര്‍ക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടി തുടരുന്നു; പുല്‍വാമ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു;

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുപ്രധാന പങ്കുള്ള കമ്രാന്‍, ഹിലാല്‍ എന്നീ ജെയ്-ഷെ-മുഹമ്മദ് ഭീകരരെയാണ് വധിച്ചത്. ഏറ്റമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ആക്രമണത്തിന് ശേഷം പുല്‍വാമയിലെ തന്നെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന കമ്രാന്‍, ഗസ്സി എന്നീ ഭീകരരെ പുലര്‍ച്ചെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് വധിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ആക്രമണം ഗൂഢാലോചന ചെയ്തതില്‍ പ്രധാനിയാണ് കൊല്ലപ്പെട്ട കമ്രാന്‍. പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിലാല്‍ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. അതേസമയം, മൂന്നാമത് ഒരു ഭീകരവാദിയെ സൈന്യം പിടികൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഒരു പ്രദേശവാസിയും ആക്രമണത്തില്‍ മരിച്ചുവെന്നാണ് സൂചന. പ്രദേശം മുഴുവന്‍ ഇപ്പോള്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. മറ്റുള്ള ഭീകരര്‍ക്കുവേണ്ടി സൈനിക നടപടി തുടരുകയാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ 4 സൈനികര്‍ കൊല്ലപ്പെട്ടു. പിങ്ലാന്‍ മേഖലയില്‍ തീവ്രവാദികള്‍ സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

ജെയ്ഷെ മുഹമ്മദിന്റെ കൊടുംഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. കശ്മീരില്‍ ഇനിയും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം ചാവേറായെത്തിയ ആദില്‍ അഹമ്മദ് ധറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles