Thursday, January 1, 2026

കേന്ദ്ര ബജറ്റ്: പെട്രോള്‍ ഡീസല്‍ വിലവര്‍ധന ഉപയോഗം കുറക്കാന്‍; ജനങ്ങളെ ബാധിക്കില്ലെന്ന് എം ടി രമേശ്

കൊച്ചി കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇലക്‌ട്രോണിക് വാഹന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് കേന്ദ്രനയമെന്നും രമേശ് പറഞ്ഞു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്നതു കൂടി മുന്നില്‍ക്കണ്ടാണ് അധികനികുതി. പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് അധികഭാരമാകുമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ഇപ്രാവശ്യം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. അതിനാല്‍ നികുതി വര്‍ധന ഉണ്ടെങ്കിലും ഇന്ധനവില കുറയുമെന്നു തന്നെയാണ് പ്രതീക്ഷ.

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയക്കാനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. അതുകൊണ്ടാണ് ഇലക്‌ട്രോണിക് വാഹന മേഖലയ്ക്ക് നികുതി ഇളവ് ഉള്‍പ്പെടെ നല്‍കി വലിയ പ്രോത്സാഹനം നല്‍കുന്നത്. ഈ രണ്ടു കാരണങ്ങള്‍ മൂലം ഇന്ധനവില ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം ടി രമേശ് പറഞ്ഞു.

Related Articles

Latest Articles