ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 1:30-ഓടെ മേഖലയിലെ പ്രമുഖ ബാറായ ‘ലെ കോൺസ്റ്റലേഷനിലാണ് സ്ഫോടനമുണ്ടായത്.
പുതുവത്സരത്തെ വരവേൽക്കാൻ നൂറുകണക്കിന് ആളുകൾ ബാറിൽ ഒത്തുകൂടിയ സമയത്തായിരുന്നു ദുരന്തം. സ്ഫോടനത്തിന് പിന്നാലെ കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടാവുകയും ചെയ്തു. സ്വിസ് മാദ്ധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ ബാർ പൂർണ്ണമായും തീപിടുത്തത്തിൽ അമർന്ന നിലയിലാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സ്വിസ് പോലീസ് അറിയിച്ചു.
സ്ഫോടനത്തിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമാണെന്നും . നിരവധി മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാലിസ് കന്റോൺ പോലീസ് വക്താവ് ഗെയ്റ്റൻ ലാത്തിയൻ (Gaetan Lathion) മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. വിദേശ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന പ്രദേശമായതിനാൽ മരിച്ചവരിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
ബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി അധികൃതർ പ്രത്യേക റിസപ്ഷൻ സെന്ററും ഹെൽപ്പ് ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ പോലീസ് പ്രാദേശിക സമയം രാവിലെ 10 മണിക്ക് വാർത്താ സമ്മേളനം നടത്തും.

