Tuesday, April 30, 2024
spot_img

ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വീണ്ടും കര്‍ണാടക സര്‍ക്കാര്‍; തിങ്കളാഴ്ചയും സഭയില്‍ ചര്‍ച്ച തുടരും

ബംഗളുരു: ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വീണ്ടും കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഇന്നും വിശ്വാസ വോട്ട് നടന്നില്ല. തിങ്കളാഴ്ചയും സഭയില്‍ ചര്‍ച്ച തുടരും. ഇന്ന് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ട് നടത്തണമെന്നും പിന്നീട് ആറ് മണിക്ക് മുമ്പ് വിശ്വാസ വോട്ട് നടത്തണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും ഗവര്‍ണറുടെ സമ്മര്‍ദ്ദം കര്‍ണാടക സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ് .

അതേസമയം വിശ്വാസ വോട്ട് അധികം വൈകിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. ചര്‍ച്ച വലിച്ചുനീട്ടാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും നടപടിക്രമങ്ങള്‍ അനുസരിച്ചു മാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.

അതേസമയം ഭരണ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി കുമാര സ്വാമിയും പി സി സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വിപ്പ് സംബന്ധിച്ച്‌ വ്യക്തത തേടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. പതിനഞ്ച് വിമത എം എല്‍ എമാരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി ഇത്തരവിട്ടിരുന്നു. വിപ്പ് ബാധകമല്ലെന്ന വ്യഖ്യാനത്തിന് ഇത് കാരണമാകുന്നതായി ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അവകാശത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ കോടതിക്ക് കഴിയില്ല. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles