ദാരിദ്രദുരിതങ്ങള്‍ അകലുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിത്യവും ജപിക്കാവുന്ന മഹാലക്ഷ്മീസ്തുതിയാണ് ‘കനകധാരാസ്തോത്രം.’ ശ്രീസ്തോത്രം എന്നും ഈ സ്തുതിയെ വിളിക്കാറുണ്ട്. ശങ്കരാചാര്യര്‍ (ആദി ശങ്കരന്)രചിച്ചുവെന്ന് വിശ്വസിക്കുന്ന സ്തോത്രം അതീവ ശക്തിയുള്ളതും ക്ഷിപ്രഫലസിദ്ധിയുള്ളതുമായ ഒന്നാണ്. ഈ സ്തോത്രം ഒരു വീട്ടമ്മയുടെ ദാരിദ്രമകറ്റി ലക്ഷ്മികടാക്ഷമുണ്ടാകുന്നതിനായി ശങ്കരാചാര്യര്‍ രചിച്ചുവെന്നാണ് ഐതീഹ്യം.ശങ്കരാചാര്യര്‍ ഒരിക്കല്‍ തന്റെ ഒരു ദരിദ്ര ഭവനത്തില്‍ ഭിക്ഷ യാചിച്ച് എത്തി. സന്യാസിക്ക് ഭിക്ഷ നല്കാന് ഒന്നുമില്ലാതിരുന്ന അവിടുത്തെ വീട്ടമ്മ ആകെയുണ്ടായിരുന്ന ഒരു നെല്ലിക്ക ഭക്തിപൂര്‍വ്വം ശങ്കരാചാര്യര്‍ക്ക് സമര്‍പ്പിച്ചു. ഇതില്‍ സംതൃപ്തനായ അദ്ദേഹം ആ കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും പ്രദാനമാകുവാന്‍ മഹാലക്ഷ്മിയെ സ്തുതിച്ച് പുതിയതായി ഒരു ശ്ലോകം ജപിച്ചു. തുടര്‍ന്ന് ആ വീട്ട് മുറ്റത്ത് സ്വര്‍ണ്ണ നെല്ലിക്ക വര്‍ഷിച്ചുവെന്നുമാണ് പറയുന്നത്.
അതിനാല്‍ ഈ സ്തോത്രം നിത്യവും ജപിക്കുന്നവര്‍ക്ക് ദാരിദ്രം അകന്ന് ലക്ഷ്മികടാക്ഷം ഉണ്ടാകുമെന്നാണ് വിശ്വാസം. സാമ്പത്തിക പ്രയാസങ്ങള്‍, തൊഴില്ലായ്മ, ദുരിത മുക്തി എന്നിവയ്ക്കെല്ലാം ഈ സ്തോത്രം ജപിക്കുന്നത് പരിഹാരമാണ്. നിത്യവും പ്രഭാതത്തിലും (കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന്) സന്ധ്യക്കും (പടിഞ്ഞാറോട്ടോ വടക്കോട്ടോ) ശുദ്ധിയായി പൂജാമുറിയിലോ ശുദ്ധമായ ഇടങ്ങളിലോ ഇരുന്ന് ഈ സ്തോത്രം ജപിക്കാം. നെയ്യ് വിളക്ക് കത്തിച്ച് ജപിക്കുന്നത് അത്യുത്തമമാണ്.

