ദില്ലി : മുൻ കേന്ദ്ര നിയമ മന്ത്രിയും സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ദില്ലിയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിൽ രാത്രി ഏഴുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1977–79 കാലഘട്ടത്തിലെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമന്ത്രിയായി അദ്ദേഹം തിളങ്ങി. മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പിതാവാണ്. കോൺഗ്രസ് (ഒ), ജനതാ പാർട്ടി, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളുമായി അദ്ദേഹം സഹകരിച്ചു. രാജ്യസഭാ എംപിയായും സേവനം ചെയ്തു.
1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധി പുറപ്പെടുവിച്ചപ്പോൾ എതിർകക്ഷിയായ രാജ് നരെയ്നുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു.
2012ൽ ആം ആദ്മി പാർട്ടി രൂപീകരിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിലും സജീവ സാന്നിധ്യമായി. എന്നാൽ പാർട്ടിയുടെ പിറവിക്ക് രണ്ടു വർഷത്തിനു ശേഷം അരവിന്ദ് കേജ്‍രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശാന്തി ഭൂഷൺ പാർട്ടി വിട്ടു. പിന്നീട് കേജ്‌രിവാളിന്റെ ശക്തനായ വിമർശകനായി മാറിയ ശാന്തി ഭൂഷണെയാണ് ദില്ലി കണ്ടത്.

