ട്വിറ്ററിന്റെ അൽഗോരിതം വരെ മാറ്റിയെഴുതിച്ച് വേറിട്ട സെൽഫ് പ്രമോഷൻ നടത്തുകയാണ് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാ ഉപയോക്താക്കൾക്കും ട്വിറ്ററിന്റെ ഫീൽഡിൽ തന്നെ മസ്കിന്റെ ട്വീറ്റുകളും മറുപടികളും കാണാൻ സാധിക്കുന്ന തരത്തിലാണ് അൽഗോരിതം മാറ്റി എഴുതിയത്. സോഷ്യൽ മീഡിയ തലവന്മാർ ഇതുവരെ പരീക്ഷിക്കാത്ത മാതൃകയായതിനാൽ മസ്കിന്റെ സെൽഫ് പ്രമോഷൻ ഏറെ വൈറലായിട്ടുണ്ട്.മസ്കിന്റെ സെൽഫ് പ്രമോഷന് പിന്നിൽ വളരെ രസകരമായൊരു സംഭവം കൂടിയുണ്ട്. ഫെബ്രുവരി 13- ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ ഔദ്യോഗിക പേജിൽ ഭാര്യ ജിൽ ബൈഡന്റെ ഔദ്യോഗിക പേജിൽ നിന്നുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു.
ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കകം 2.9 കോടി കാഴ്ചക്കാരാണ് ബൈഡന്റെ ട്വീറ്റിന് ലഭിച്ചത്. അതേസമയം, മസ്ക് പങ്കുവെച്ച മറ്റൊരു ട്വീറ്റിന് 90 ലക്ഷത്തിലധികം കാഴ്ചക്കാരെ മാത്രമാണ് ലഭിച്ചത്. ട്വീറ്റിന്റെ പ്രചാരത്തിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അൽഗോരിതം തന്നെ പൂർണമായും മാറ്റിയെഴുതാൻ മസ്ക് നിർദ്ദേശിച്ചത്.ട്വിറ്ററിന്റെ അൽഗോരിതം മാറ്റിയെഴുതിയതോടെ മസ്കിന്റെ എല്ലാ ട്വീറ്റുകളും ഫീഡിൽ മുൻഗണന ലഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചത്. എന്നാൽ, മസ്കിന്റെ വേറിട്ട നിലപാടിനെതിരെ മിക്ക ഇടങ്ങളിൽ നിന്നും ഹാസ്യ രൂപത്തിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

