Sunday, May 19, 2024
spot_img

ആർ എസ് എസ് പ്രവർത്തിക്കുന്നത് ദേശീയ ഐക്യത്തിന് വേണ്ടി ;ഭിന്നതകള്‍ സൃഷ്ടിക്കുന്നവരെ അംഗീകരിക്കില്ല,ജാതി ഉണ്ടാക്കിയത് ഈശ്വരനല്ല, മനുഷ്യരാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ഹരിയാന : രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവർത്തിക്കുന്നത് ദേശീയ ഐക്യത്തിന് വേണ്ടിയാണെന്നും ഭിന്നതകള്‍ വളര്‍ത്തുന്നവരെ അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ സ്വയം സേവക് സംഘ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കി.ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലുള്ള സമല്‍ഖയിൽ ചേർന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് ശേഷമുള്ള പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയുടെ പേരില്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ചുറ്റുമുള്ളതെന്നും പ്രാദേശിക ഭാഷാ ഭിന്നതകള്‍ വളര്‍ത്തുന്നവരെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യം നേരിടുന്ന വലിയ പ്രശ്നമാണ്. സുപ്രീംകോടതിയും ഗാന്ധിജിയും വരെ ഇതെപ്പറ്റി ആശങ്കപ്പെട്ടിട്ടുണ്ട്. ജാതി സെന്‍സസ് മുമ്പ് സര്‍ക്കാര്‍ നടത്തിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല.

ജാതി ഉണ്ടാക്കിയത് ഈശ്വരനല്ല, മനുഷ്യരാണെന്നും തൊട്ടുകൂടായ്മ രാജ്യത്തുനിന്ന് പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടതുണ്ടെന്നും സര്‍കാര്യവാഹ് പറഞ്ഞു.2025 വിജയദശമി മുതല്‍ ഒരു വര്‍ഷം രാഷ്ട്രീയ സ്വയം സേവക് സംഘ് ശതാബ്ദി ആഘോഷങ്ങള്‍ നടക്കും.അതിന് മുന്നോടിയായി സംഘപ്രവര്‍ത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ശാഖയും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍ പൗരന്മാരുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. കോളനിവല്‍ക്കരണ മാനസികാവസ്ഥ പൂര്‍ണ്ണമായും മാറ്റണം. നമ്മുടെ ആത്മീയവും സാംസ്‌ക്കാരികവുമായ അസ്തിത്വം തിരിച്ചറിയുക എന്നത് പ്രധാനമാണ്. കുടുംബ പ്രബോധനം, സാമൂഹ്യ സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി ആചരണം, പൗരബോധം എന്നീ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുമെന്നും സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം നൽകിയ ഉത്തരം എതിര്‍ലിംഗത്തിലുള്ളവരെ വേണം വിവാഹം ചെയ്യേണ്ടത് എന്നാണ്. ഒരേ ലിംഗത്തിലുള്ളവര്‍ ഒരുമിച്ചു താമസിക്കുന്നത് മറ്റൊരു കാര്യമാണെന്നും ഹിന്ദു ജീവിതദര്‍ശനമനുസരിച്ച് വിവാഹമെന്നത് സ്ത്രീയും പുരുഷനും കുടുംബത്തിനായും സമൂഹത്തിനായും ഒന്നുചേരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലേക്കാള്‍ മികച്ച അദ്ധ്യാപകര്‍ ഇന്ത്യയിലെ സര്‍വ്വകലാശാലകളിലുണ്ട്. എന്നാല്‍ വിദേശ ബിരുദത്തിന് വേണ്ടിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത്.

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ പ്രതിനിധികളായി അവിടെ പ്രവര്‍ത്തിക്കണം. മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ പുതിയ കാര്യമല്ല. ഈ ലോകത്തെ തന്നെ ഒന്നായി കണ്ടു പ്രവര്‍ത്തിക്കുന്ന സംഘം ആരുമായും കൂടിക്കാഴ്ചകള്‍ നടത്താന്‍ തയ്യാറാണ്. ഇത്തരം കൂടിക്കാഴ്ചകളില്‍ സ്വാഭാവികമായും പല കാര്യങ്ങളും ചര്‍ച്ചയാവുമെന്നും, കാശി, മഥുര പുണ്യകേന്ദ്രങ്ങള്‍ ഹിന്ദുസമൂഹത്തിന് തിരികെ ലഭിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി സര്‍കാര്യവാഹ് പറഞ്ഞു.

Related Articles

Latest Articles