കൊച്ചി: അരികൊമ്പന്റെ പുനരധിവാസം സംബന്ധിച്ച് വിവിധ തരത്തിലുള്ള നിരവധി ചർച്ചകളും വിമർശനങ്ങളുമാണ് ഉയരുന്നത്.അരിക്കൊമ്പൻ പ്രശ്‍നത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളത്തിന് പകരം മറ്റൊരിടം കണ്ടെത്താനില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ വശങ്ങളും പരിശോധിച്ചാണ് പറമ്പികുളം ശുപാര്‍ശ ചെയ്തത് എന്നും അവിടെ ആവശ്യത്തിന് വെള്ളവും തീറ്റയുമുണ്ടെന്നും കാട്ടാനകളുടെ എണ്ണം കുറവാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
പറമ്പിക്കുളത്ത് 2000 ചതുരശ്ര കിലോമീറ്ററോളം വനമേഖലയുണ്ട്. പറമ്പിക്കുളം തെരഞ്ഞെടുത്തത് വനംവകുപ്പിന്റെ രണ്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന് പ്രായോഗികമല്ലെന്നും വിദഗ്ധ സമിതി സൂചിപ്പിച്ചു.
അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിട്ടാല്‍ പ്രത്യേകനിരീക്ഷണ സംവിധാനം വേണം. നിരീക്ഷിക്കാന്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണം. അരിക്കൊമ്പനെ കാടുമാറ്റാനുള്ള ട്രയല്‍ റണ്ണിന് സുരക്ഷ ഉറപ്പാക്കണം. ഇതിന് തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പ്രത്യേകം നിര്‍ദ്ദേശം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

