Sunday, October 25, 2026

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍ പൗരനായ ഹമാം അല്‍ ഹമ്മാമിയുടെ (29) മൊഴി പുറത്ത്. വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഹമ്മാമിയെ യുഎഇയില്‍ ചോദ്യം ചെയ്യുകയാണ്. വിമാനം ബുധനാഴ്ച സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ സൗദി അധികൃതരും ഇയാളെ ചോദ്യം ചെയ്തിരുന്നു. തീവ്ര മതനിലപാടുകളുടെ പേരില്‍ ഒമാന്‍ അധികൃതര്‍ ഇയാള്‍ക്കു വിമാനം പറത്തുന്നതിനു നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നതായി സൂചനകളുണ്ട്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ തീവ്ര നിലപാടുകള്‍ വിശദീകരിക്കുന്ന പോസ്റ്റുകള്‍ ഉണ്ടായിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമ്മാമിയുടെ പിതാവ് ഒമാന്‍ സ്വദേശിയാണ്. മാതാവ് സിറിയന്‍ പൗരയും. ദുബായിലായിരുന്നു താമസം. ഇയാള്‍ എങ്ങനെ തീവ്രവാദ ആശയങ്ങളിലേക്ക് എത്തി എന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സിറിയന്‍ ബന്ധം കേന്ദ്രീകരിച്ചാണ് അന്വേഷണം. ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് ഇയാള്‍ കുറച്ചുകാലം സിറിയയില്‍ ചെലവഴിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സിറിയയില്‍ വച്ചായിരിക്കാം ഇയാള്‍ തീവ്രവാദ ആശയങ്ങളിലേക്ക് തിരിഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Related Articles

Latest Articles