Sunday, October 4, 2026

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചില മാധ്യമങ്ങളുടെ ദുഷ്പ്രചാരണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയത്. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശ്രീലേഖയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് അഡ്വ. സുരേഷ് കുറിപ്പ് പങ്കുവെച്ചത്. രോഗവിവരങ്ങൾ തിരക്കുന്നതിനിടെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് തടസ്സം വരുമോ എന്ന അവരുടെ സ്വാഭാവിക ഉത്കണ്ഠയെ ദുർവ്യാഖ്യാനം ചെയ്ത് മാധ്യമങ്ങൾ വ്യാജ രാജി വാർത്ത സൃഷ്ടിക്കുകയായിരുന്നുവെന്നും, സ്ഥാനമാനങ്ങൾക്ക് വേണ്ടി അവർ പാർട്ടിയുമായി വിലപേശുന്നുവെന്ന മട്ടിലുള്ള കഥകൾ സാമാന്യ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു.

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ആർ. ശ്രീലേഖ പാർട്ടിയോട് എന്നും തികഞ്ഞ പ്രതിബദ്ധതയുള്ള നേതാവാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ബിജെപി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയാകാനും, അടുത്തിടെ സമാപിച്ച ത്രിദിന പഠന ശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെപ്പോലെ പങ്കാളിയാകാനും അവർ തയ്യാറായി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ശ്രീലേഖ, സ്വന്തം പെൻഷൻ തുക ഉപയോഗിച്ചാണ് വാർഡിലെ ജനങ്ങളെ സേവിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാരിയായല്ല, മറിച്ച് സേവനനിരതയായ ഒരു അമ്മയായും സ്ത്രീയായും ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന അവരുടെ ആരോഗ്യസ്ഥിതിയെ ദുരൂഹമാക്കി രാഷ്ട്രീയ ആയുധമാക്കാൻ നോക്കുന്ന മാധ്യമ നിലപാട് അപലപനീയമാണെന്നും അദ്ദേഹം കുറിച്ചു.

ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം താഴെ വീഴുമെന്ന് വ്യാമോഹിക്കുന്ന എതിരാളികൾ ആ വെള്ളം വാങ്ങി വെക്കുന്നതാണ് നല്ലതെന്നും, അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബിജെപി തന്നെ ഭരിക്കുമെന്നും അഡ്വ. സുരേഷ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മേയർ വി.വി. രാജേഷ് എന്നിവരും ശ്രീലേഖയെ ആശുപത്രിയിൽ സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങൾ തള്ളി, പൂർണ്ണ ആരോഗ്യത്തോടെ ശ്രീലേഖ ജനസേവനത്തിലേക്ക് വേഗത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തത്വമയി ന്യൂസ് ഈ വാർത്ത പങ്കുവെക്കുന്നത്.

Related Articles

Latest Articles