Thursday, October 8, 2026

ദേവികുളം തെരഞ്ഞെടുപ്പ് കേസ്;രാജയുടെ ഹർജി പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി

ന്യൂഡല്‍ഹി:ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള രാജയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കേസ് ഏപ്രില്‍ 28ലേക്കാണ് മാറ്റിയിരിക്കുന്നത്. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 28ലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് രാജയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാൽ സുപ്രീം കോടതി അത് തള്ളുകയായിരുന്നു.

സീനിയര്‍ അഭിഭാഷകന്‍ കെ.വി വിശ്വനാഥും അഭിഭാഷകന്‍ ജി. പ്രകാശുമാണ് രാജയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് ഇവർ കോടതിയിൽ ചൂണ്ടിക്കാട്ടി. രാജയുടെ പൂര്‍വികര്‍ 1950 ന് മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും സംവരണത്തിനുള്ള എല്ലാ അര്‍ഹതയും രാജയ്ക്കുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അതേസമയം, രാജ തന്റെ യഥാര്‍ത്ഥ മതം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ചെന്നാണ് എതിർ കക്ഷിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് സുപ്രീം കോടതിയില്‍ പറഞ്ഞത്.

Related Articles

Latest Articles