Sunday, November 1, 2026

മഹുവ മോയിത്ര ഊരാക്കുടുക്കിലേക്ക് !മഹുവയുടെ പാർലമെന്റ് ഇമെയിൽ, ദുബായിൽ നിന്ന് ലോഗിൻ ചെയ്തത് 49 തവണ !പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ തൃണമൂൽ എംപി നാളെ ഹാജരാകണം

ദില്ലി : പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര കൂടുതൽ കുരുക്കിലേക്ക്. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പാർലമെന്റ് ലോഗിൻ ഐഡി, വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന മഹുവയുടെ കുറ്റസമ്മതത്തിന് പിന്നാലെ മൊയ്ത്രക്കെതിരെ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോർട്ട് സമർപ്പിച്ചതോടെ മഹുവ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. മഹുവയുടെ പാർലമെന്റ് ഇമെയിൽ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചുവെന്ന അതി ഗുരുതരമായ കണ്ടെത്തലാണ് ഈ റിപ്പോർട്ടിലുള്ളത്. ഇത് കൈകാര്യം ചെയ്തിരുന്നത് ദർശൻ ഹിര നന്ദാനിയുടെ സഹായിയാണെന്ന വിവരവും ഐടി മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തികസ് കമ്മിററിക്ക് മുന്നിൽ നാളെ ഹാജരാകാൻ മഹുവയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ അഞ്ചിന് ശേഷം മാത്രമേ ഹാജരാകാൻ സാധിക്കുകയുള്ളുവെന്ന് കമ്മിറ്റിയെ അറിയിച്ചെങ്കിലും കമ്മിറ്റി ഈ ആവശ്യത്തെ തള്ളിക്കളയുകയായിരുന്നു. അതേസമയം പരാതിക്കാരെ വിസ്തരിക്കാൻ അനുമതി നൽകണമെന്ന് മഹുവ ആവശ്യപ്പെട്ടു.

ചില ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് വിവരങ്ങൾ കൈമാറിയതെന്നാണ് മഹുവ പറയുന്നത്. ചോദ്യങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെടണമെങ്കിൽ ബന്ധപ്പെട്ട ഒടിപി നമ്പറിന് മഹുവ അംഗീകാരം നൽകണം. ഹിരാഗ്രൂപ്പ് നൽകിയ വിവരങ്ങൾ അതേ പടി കൈമാറിയിട്ടില്ലെന്നും ഒരു രൂപ പോലും പ്രതിഫലമായി ഹിരാനന്ദാനിയിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും മഹുവ പറയുന്നു. ഒരു സ്കാർഫും കുറച്ച് ലിപ്സ്റ്റിക്കുകളും ഐ ഷാഡോ ഉൾപ്പെടെയുള്ള ഏതാനും മെയ്ക്കപ്പ് സാധനങ്ങളുമാണ് സമ്മാനമായി ലഭിച്ചതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

പാർലമെന്റ് ഐഡി വിവരങ്ങൾ കൈമാറരുതെന്ന് പാർലമെന്റ് ചട്ടങ്ങളിൽ പറയുന്നില്ല എന്നത് മഹുവയക്ക് ആശ്വാസമാകും. എന്നാൽ വ്യവസായ ഗ്രൂപ്പിനെ സഹായിക്കും വിധം നിർണ്ണായക വിവരങ്ങൾ കൈമാറിയതിൽ മഹുവയ്ക്ക് മറുപടി പറയേണ്ടി വരും.

മഹുവ മൊയ്ത്രക്കെതിരായ ആരോപണം പരിശോധിക്കാൻ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നേരത്തെ യോഗം ചേർന്നിരുന്നു. പരാതി ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി എന്നിവർ അന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. എല്ലാ കാര്യങ്ങളും എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം.

Related Articles

Latest Articles