Wednesday, November 4, 2026

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും ദുരൂഹതയാകുന്നു. ഛത്രപതി സംഭാജിനഗർ സ്വദേശിനിയായ 34കാരി മുഗ്ധ ദേശ്മുഖിനെയാണ് പൂണെയിലെ ഗഹുഞ്ജെയിലുള്ള ലോധ ബെൽമോണ്ടോ റെസിഡൻഷ്യൽ കോംപ്ലക്സിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ജൂലൈയിലാണ് എംബിഎ പഠനത്തിനായി മുഗ്ധ ലണ്ടനിലേക്ക് പോയത്. അവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ചെയ്തിരുന്നു. കുടുംബവുമായി ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്ന മുഗ്ധ ഒക്ടോബർ 24 മുതൽ പ്രതികരിക്കാതായതോടെയാണ് വീട്ടുകാർ ആശങ്കയിലായത്. ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് മുഗ്ധ ഓഗസ്റ്റ് അവസാനത്തോടെ തന്നെ യുകെ വിട്ടതായി വിവരം ലഭിച്ചത്.

മകളെ കണ്ടെത്താനായി കുടുംബം ഇന്ത്യൻ അധികൃതരുടെയും ഇന്ത്യൻ ഹൈക്കമ്മിഷന്റെയും സഹായം തേടി. ഇതിനിടെ പിതാവ് അവിനാഷ് ദേശ്മുഖ് മകളുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ഒക്ടോബർ 8 മുതൽ 25 വരെ സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്. ചില ഇടപാടുകൾ ഛത്രപതി സംഭാജിനഗറിലെ ഒസ്മാൻപുര പ്രദേശത്തുനിന്നുള്ളതാണെന്ന സൂചനയും ലഭിച്ചു. ഇതോടെ മുഗ്ധ ഇന്ത്യയിൽ തന്നെയുണ്ടെന്ന് കുടുംബം സംശയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സൊമാറ്റോ ഡെലിവറി വിവരങ്ങൾ പരിശോധിച്ചാണ് പൂണെയിലെ ഗഹുഞ്ജെയിലുള്ള ഫ്ലാറ്റിന്റെ വിലാസം കണ്ടെത്തിയത്. പോലീസ് ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മറ്റൊരു താക്കോലിന്റെ സഹായത്തോടെ അകത്തുകയറിയപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുഗ്ധയുടെ ശരീരത്തിൽ പുറമേ കാണാവുന്ന പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. മരണകാരണം വ്യക്തമാക്കുന്നതിനായി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും കൂടുതൽ പരിശോധനകൾക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ തന്നെ ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്ന മുഗ്ധ ഓഗസ്റ്റ് മുതലാണ് അവിടെ താമസം ആരംഭിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. പൂണെയിൽ താമസിക്കുമ്പോൾ എംബിഎ വിദ്യാർഥികൾക്ക് ഓൺലൈനായി ചില വിഷയങ്ങൾ പഠിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്തിനാണ് ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ കാര്യം കുടുംബത്തെ അറിയിക്കാതിരുന്നത്, പൂണെയിൽ ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിച്ചതിന് പിന്നിലെ സാഹചര്യമെന്ത്, മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles