Saturday, May 4, 2024
spot_img

ഇന്ത്യന്‍ സിനിമയുടെ താരറാണി, ശ്രീദേവിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് 54 വയസില്‍ ശ്രീദേവി വേര്‍പിരിയുന്നത്. 1963 ഓഗസ്റ്റ് 13ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവിയുടെ ജനനം. നാലാം വയസ്സിൽ തുണൈവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി തമിഴില്‍ അരങ്ങേറി. പൂമ്പാറ്റയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു. പതിമൂന്നാം വയസ്സിൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘മൂണ്ട്ര് മുടിച്ചില്‍ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി.

മൂന്നാം പിറ, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ തുടങ്ങി തമിഴില്‍ ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ശ്രീദേവി സാന്നിധ്യമറിയിച്ചിരുന്നു. മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. സത്യവാന്‍ സാവിത്രി, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും നായികയായി. ജിതേന്ദ്രക്കൊപ്പം അഭിനയിച്ച ഹിമ്മത് വാല എന്ന തന്‍റെ ആദ്യ ബോളിവുഡ് ചിത്രം ബ്ലോക്ക്ബസ്റ്ററായതോടെ ബോളിവുഡിലെ താരറാണി പദവിയിലേക്കായിരുന്നു ശ്രീദേവിയുടെ വളര്‍ച്ച. വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തതോടെ സിനിമ ലോകത്ത് നിന്നും ഒരു ഇടവേളയെടുത്തു.‌‌ പിന്നീട് 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ച് വരവ് നടത്തി. ‌

തുടര്‍ന്ന് മോം, സീറോ തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചു. 2013ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 2017 ല്‍ ഗിരിഷ് കോലി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മോം എന്ന ചിത്രമായിരുന്നു ശ്രീദേവി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. ക്രൈം ത്രില്ലര്‍ ഗണത്തിലൊരുക്കിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ശ്രീദേവിയ്ക്ക് ലഭിക്കാതെ പോയ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു.

വേറെയും ഒരുപാട് പുരസ്‌കാരങ്ങള്‍ ഈ ഒറ്റ സിനിമയിലൂടെ ശ്രീദേവിയെ തേടി എത്തിയിരുന്നെങ്കിലും അത് കാണാനുള്ള ഭാഗ്യം നടിയ്ക്ക് ഇല്ലാതെ പോയി. ബോളിവുഡ് താരം മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാ‌രത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു. ശ്രീദേവിയുടെ ഓര്‍മ്മകളില്‍ സിനിമ ലോകം ഇന്നും വിഹരിക്കുന്നു.

Related Articles

Latest Articles