Saturday, April 27, 2024
spot_img

ലെനിൻ രാജേന്ദ്രന്റെ പ്രിയ ശിഷ്യ നയനാ സൂര്യ അന്തരിച്ചു; വിട വാങ്ങിയത് പ്രതിഭാധനയായ ഈ യുവ സംവിധായിക

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സ്ത്രീ സംവിധായിക നയനാ സൂര്യന്‍ അന്തരിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച രാത്രിയോടെയാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു.

ലെനിന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി. പിന്നീട് ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതിയിലും നിരവധി സ്റ്റേജ്ഷോകളിലും അസിസ്റ്റ് ചെയ്തു. എട്ടുവര്‍ഷമായിട്ട് മലയാളസിനിമ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.

ഫിലിം ഫെസ്റ്റുകള്‍ക്ക് പോയിത്തുടങ്ങിയതോടെയാണ് നയന സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇതോടെ സിനിമ ചെയ്യണമെന്ന മോഹമുദിക്കുകയും ചെയ്തു. അങ്ങനെയാണ് ലെനിന്‍ രാജേന്ദ്രന്റെ അടുത്ത് എത്തുന്നത്. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സി ഡിറ്റില്‍ ഒരു ഷോര്‍ട്ട് ടേം കോഴ്സ് ചെയ്ത് സംവിധാന മേഖലയിലേക്ക് എത്തുകയായിരുന്നു.

2017ല്‍ ക്രോസ്‌റോഡ് എന്ന ചിത്രത്തിലൂടെയാണ് നയന സ്വതന്ത്രസംവിധായികയായത്. ഈസ്റ്റേണ്‍ ഗ്ലോബലിന്റെ മികച്ച വനിതാ അധിഷ്ഠിത സിനിമ, മികച്ച ഛായഗ്രാഹണം, മികച്ച നടി കൂടാതെ തെക്കന്‍ സ്റ്റാറിന്റെ മികച്ച നവാഗത സംവിധായിക തുടങ്ങി ചെറുതും വലതുമായി നിരവധി പുരസ്‌കാരങ്ങളും നയനയെ തേടിയെത്തിയിട്ടുണ്ട്. സ്വന്തം നാടായ ആലപ്പാടിലെ കരിമണല്‍ ഖനനം ഏറെ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലായിരുന്നു നയന.

Related Articles

Latest Articles