മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വ്യക്തമായ പങ്കുണ്ടെന്ന്‌ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. നിഷ്കളങ്കതയുടെ മുഖംമൂടിയഴിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തുവരണമെന്നും ആവശ്യപ്പെട്ടു.

“നിങ്ങളാണ് ഇതിന് തുടക്കമിട്ടത്. ഇത് ആദ്യമായിട്ടല്ല. പഠാന്‍കോട്ട്‌, ഉറി, ഇപ്പോള്‍ പുല്‍വാമ. ഞങ്ങള്‍ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറയാനുള്ളത് നിങ്ങളുടെ നിഷ്‌കളങ്കതയുടെ മുഖംമൂടി അഴിച്ചുവെയ്ക്കണം. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാകിസ്താന് വ്യക്തമായ പങ്കുണ്ട്. പാക്‌ സര്‍ക്കാര്‍, സൈന്യം, ചാരസംഘടനയായ ഐ എസ് ഐ എന്നിവര്‍ക്കെല്ലാം വ്യക്തമായ പങ്കുണ്ട്.”- ഒവൈസി പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും അമ്പലങ്ങളില്‍നിന്നുള്ള മണിമുഴക്കവും കേള്‍ക്കുക തന്നെ ചെയ്യുമെന്നും പാകിസ്താന്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.