Wednesday, September 30, 2026

വയനാട് എം പി ഉറക്കമെഴുന്നേറ്റില്ല; മുൻകൂട്ടി അനുവദിച്ച കൂടിക്കാഴ്ച നടന്നില്ല: കുറ്റപ്പെടുത്തി പി വി അൻവറിന്‍റെ കുറിപ്പ്‌

മലപ്പുറം: കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടും നിരുത്തരവാദപരമായി പെരുമാറിയതിന് വയനാട് എം പി രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ രോഷാകുലനായി പി വി അന്‍വര്‍ എം എല്‍ എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി വി അന്‍വര്‍ എം എല്‍ എ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചത് പ്രകാരം കൂടിക്കാഴ്ചയ്ക്കായി രാവിലെ സ്ഥലത്ത് എത്തിയെങ്കിലും വയനാട് എം പി ഉണര്‍ന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞു. കാത്തിരുന്നെങ്കിലും എപ്പോൾ കാണാനാകും എന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ല. ചില പൊതുപരിപാടികള‍ില്‍ പങ്കെടുക്കേണ്ടതിനാല്‍ അവിടെ നിന്ന് താന്‍ മടങ്ങിയെന്നും എം എല്‍ എ പറഞ്ഞു.

തന്‍റെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല, നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എം പിയുടെ മുന്നിൽ അവതരിപ്പിക്കാനാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്. മികച്ച ഭൂരിപക്ഷം നൽകിയ നിലമ്പൂരിലെ ജനങ്ങളോട്‌ ധാർമ്മികമായി എം പിക്ക്‌ യാതൊരുവിധ ബാധ്യതകളുമില്ലേയെന്നും നിലമ്പൂരിലെ ജനങ്ങള്‍ ഇനി ദില്ലിയിലേക്കാണോ വരേണ്ടതെന്നും എം എല്‍ എ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

രാഷ്ട്രീയം കാണിക്കേണ്ടത്‌ ദുരന്തമുഖത്തല്ലെന്നും കൂടിക്കാഴ്ച്ച നടക്കാതെ പോയത്‌ ചില തൽപ്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണെന്നും എം എല്‍ എ ആരോപിച്ചു. പ്രളയം തകർത്തെറിഞ്ഞ മണ്ഡലമാണ് നിലമ്പൂർ. 61 പേർക്ക്‌ നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്‌. നൂറുകണക്കിനാളുകൾ ഭവനരഹിതരായിട്ടുണ്ട്‌. പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിന്തുണ അഭ്യർത്ഥിക്കാനാണ് എം പിയുടെ കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നത്‌. പല മണ്ഡലങ്ങളിലെയും ജനപ്രതിനിധികളുടെ യോഗം എം പി വിളിച്ചെങ്കിലും നിലമ്പൂരിൽ ഇത്തരത്തിൽ ഒരു യോഗം വിളിച്ചിട്ടില്ല. സ്വന്തം മണ്ഡലത്തിൽ നടക്കുന്നത്‌ എന്തെന്ന് എം പിക്ക്‌ കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണ്. ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങളായ നേതാക്കൾ പറയുന്നതിൽ മാത്രമായി ജനങ്ങൾ തിരഞ്ഞെടുത്ത എം പിയുടെ റോൾ ഒതുങ്ങിയിരിക്കുന്നുവെന്നും പി വി അന്‍വര്‍ എം എല്‍ എ കുറ്റപ്പെടുത്തി.

https://www.facebook.com/pvanvar/photos/a.714472595270037/2639878539396090/?type=3&theater

Related Articles

Latest Articles