മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ മലാഡ് കുരാര്‍ വില്ലേജ് മേഖലയിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നിരിക്കുന്നത്. 80 വയസ്സുകാരനായ വൃദ്ധന്റെ മൃതദേഹമാണ് ഒരു ഡേ കെയര്‍ സെന്റര്‍/ക്ലിനിക്കിന്റെ ഫ്രീസറില്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്.
ക്യാന്‍സര്‍ ബാധിതനായിരുന്ന വൃദ്ധന്‍ 2022 ജൂണിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വാഭാവികമായി മരണപ്പെട്ടത്. ഇതിനുള്ള മരണസര്‍ട്ടിഫിക്കറ്റും ബി.എം.സിക്ക് നല്‍കിയ രേഖകളും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. യു.എസില്‍ താമസിക്കുന്ന മകള്‍ക്കും മുംബൈയിലുള്ള മകനും പിതാവിനോട് അങ്ങേയറ്റത്തെ അടുപ്പമുണ്ടായിരുന്നു. പിതാവ് തിരിച്ച് വരുമെന്നും പുനര്‍ജന്മം എടുക്കുമെന്നും മകള്‍ വിശ്വസിച്ചിരുന്നു. ഇതിനായി സയന്റിഫിക് രീതിയായ ‘ക്രയോണിക്‌സ്’ (Cryonics – അതിശൈത്യത്തില്‍ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന രീതി) വഴി മൃതദേഹം അമേരിക്കയിലേക്ക് മാറ്റാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു.
മൃതദേഹം കേടുകൂടാതെ ഫ്രീസറില്‍ സൂക്ഷിക്കുന്നതിനായി ബന്ധപ്പെട്ട ഏജന്‍സിക്ക് കുടുംബം പ്രതിമാസം 1.60 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുരാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടെടുത്തത്.
ഇത്രയും കാലം മൃതദേഹം രഹസ്യമായി സൂക്ഷിച്ചതില്‍ അസ്വാഭാവികതയുണ്ടെങ്കിലും, ഇത് സ്വാഭാവിക മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എങ്കിലും മൃതദേഹം ഇത്തരത്തില്‍ സൂക്ഷിക്കുന്നതിലെ നിയമസാധുതയെക്കുറിച്ച് പൊലീസ് നിയമവിദഗ്ധരുമായി ആലോചിച്ച് വരികയാണ്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

